ഡൽഹി തീപ്പിടിത്തം: മരണം 30 ആയി, തെരച്ചിൽ അവസാനിപ്പിച്ചു

ഡൽഹി: മുണ്ട്കയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ്, കെട്ടിട ഉടമകളായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. 6 മണിക്കൂർ കൊണ്ടാണ് തീ പൂർണമായി അണയ്ക്കാനായത്. കൂടുതൽ മൃതദേഹം ഉണ്ടോ എന്ന് കണ്ടെത്താൻ നടത്തി വന്ന പരിശോധന അവസാനിപ്പിച്ചതായി ഡൽഹി ഫയർഫോഴ്സ് വിഭാഗം അറിയിച്ചു. അപകടസമയത്ത് അമ്പതോളം പേർ പങ്കെടുത്ത് കൊണ്ടുള്ള ഒരു മീറ്റിംഗ് നടക്കുകയായിരുന്നുവെന്നും മുറി അടച്ചിട്ടത് മരണസംഖ്യ ഉയരാൻ കാരണമായെന്നും അധികൃതർ അറിയിച്ചു. കെട്ടിടത്തിലെ പ്ലാസ്റ്റികിന്റെ സാന്നിധ്യം പെട്ടന്ന് തീ പടരാൻ കാരണമായി.

മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് ഡൽഹി പൊലീസ് ഔട്ടർ ഡിസിപി സമീർ ശർമ  പറഞ്ഞു. കെട്ടിട ഉടമയും കുടുംബവുമാണ് മുകളിലത്തെ നിലയിൽ താമസിച്ചിരുന്നത്. കെട്ടിട ഉടമസ്ഥരായ വരുൺ ഗോയൽ, ഹർഷ് ഗോയൽ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ഇവർക്കെതിരെ കേസ് എടുത്തു. കെട്ടിടത്തിന് അഗ്നിശമന സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നു എന്നും സമീർ ശർമ വ്യക്തമാക്കി. കമ്പനി ഉടമകളെ ചോദ്യം ചെയ്യുകയാണ്. ഉടമ ഉടൻ അറസ്റ്റിലാകുമെന്നും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും ഡിസിപി പറഞ്ഞു.

Top