ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി.
ബിജെപിയും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ ത്രികോണമത്സരമാണ് ഇത്തവണ നടക്കുന്നത്. 272 സീറ്റുകളിലേക്കു നടക്കുന്ന വോട്ടെടുപ്പില്‍ 1.3 കോടി വോട്ടര്‍മാര്‍ ഇന്നു ബൂത്തിലെത്തും. 13,022 പോളിംഗ് ബൂത്തുകളാണുള്ളത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും അഗ്‌നിപരീക്ഷയായി മാറിയ തിരഞ്ഞെടുപ്പില്‍ തലസ്ഥാനനഗരിയിലെ മൂന്നു കോര്‍പറേഷനുകളിലും ബിജെപി വിജയിക്കുമെന്നാണു സര്‍വേകള്‍ പ്രവചനം. രജൗരി ഗാര്‍ഡന്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നേടിയ ഉജ്വലവിജയത്തിന്റെയും സര്‍വേ ഫലങ്ങളുടെയും ആവേശത്തിലാണ് ബിജെപി.
ആംആദ്മി പാര്‍ട്ടിയില്‍നിന്നു 2015, 2013 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ കനത്ത പരാജയത്തിനു തിരിച്ചടി നല്‍കുകയെന്നതു പ്രധാനമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും അഭിമാന പോരാട്ടമാണ് ഡല്‍ഹിയിലേത്.