ഡല്‍ഹി : ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ യോഗത്തില്‍ ബഹളം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിലേക്ക് കയറി പേപ്പറുകള്‍ കീറിയെറിഞ്ഞു. കോര്‍പറേഷനിലെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട 18 അംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പുനഃസംഘടന വൈകുകയാണ്. പുനഃസംഘടന നടക്കുന്നതുവരെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധികാരം സഭയ്ക്കു കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രത്യേക യോഗം നടത്തിയത്.
മേയറുടെ ചേംബറിലേക്ക് പ്രതിപക്ഷ ബിജെപി കൗണ്‍സിലര്‍മാര്‍ കുതിച്ചെത്തിയതോടെ എഎപി കൗണ്‍സിലര്‍മാര്‍ മേയര്‍ക്കു ചുറ്റും വലയം തീര്‍ത്തു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മേയറുടെ കസേര മറിച്ചിടാനും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. കൗണ്‍സില്‍ യോഗത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധികാരം സഭയ്ക്കു നല്‍കുന്നതിനുള്ള നിര്‍ദേശം പാസായതായി മേയര്‍ ഷെല്ലി ഒബ്‌റോയ് പ്രഖ്യാപിച്ചു. ഇതോടെ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ കോര്‍പറേഷന്‍ യോഗത്തിന് തീരുമാനമെടുക്കാനും സാധിക്കും.
സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് തീരുമാനമെടുക്കാന്‍ സാധിക്കാത്തതിനാല്‍ കോര്‍പറേഷനില്‍ ഒട്ടേറെ പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്ന് എഎപി ചൂണ്ടിക്കാട്ടി. കോര്‍പറേഷന്‍ യോഗം ചേരുന്നതില്‍ ബിജെപിക്കു താല്‍പര്യമില്ലെന്ന് മേയര്‍ ആരോപിച്ചു. എന്നാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധികാരത്തില്‍ കൈകടത്താന്‍ കൗണ്‍സില്‍ യോഗത്തിന് നിയമപരമായി അവകാശമില്ലെന്ന് ബിജെപി നേതാവ് രാജ ഇഖ്ബാല്‍ സിങ് പറഞ്ഞു.