ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തുനല്‍കി ഒരു ഫാമുടമ മാതൃകയാവുന്നു. പപ്പന്‍ സിങ് ഗെഹ് ലോട്ട് എന്ന ഫാമുടമയാണ് തന്റെ കൂണ്‍ ഫാമില്‍ ജോലി ചെയ്യാനെത്തിയ 10 ബിഹാര്‍ സ്വദേശികള്‍ക്ക് ഈ സേവനം ചെയ്ത് കൊടുത്തത്.
ഡല്‍ഹിയില്‍ നിന്നും പറ്റ്‌നയിലേക്കാണ് ടിക്കറ്റ്. പിന്നീട് സമഷ്ടിപുര്‍ ജില്ലയിലെ ശ്രീപുര്‍ ഗഹര്‍ വരെ ട്രെയിനിലായിരിക്കും യാത്ര. എല്ലാ ചെലവും വഹിക്കുന്നത് ഉടമ തന്നെ. വിമാനയാത്രക്ക് മുമ്പുള്ള മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞ് യാത്രക്ക് വേണ്ടി ഉത്സാഹത്തോടെ കാത്തിരിക്കുകയാണ് പത്ത് പേരും. വ്യാഴാഴ്ച രാവിലെ തന്റെ സ്വന്തം വാഹനത്തില്‍ പത്ത് പേരെയും പപ്പന്‍ സിങ് തന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയിവിടും.
തങ്ങളുടെ സാമ്പത്തിക ചുറ്റുപാട് വെച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത വിമാനയാത്ര സാഫല്യമാകുന്നതിന്റെ സന്തോഷത്തിലാണ് തൊഴിലാളികള്‍. എന്തായാലും ഇതിനെല്ലാം പപ്പന്‍ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് തൊഴിലാളികളുടെ പ്രതികരണം.
ട്രെയിനില്‍ ടിക്കറ്റിന് ശ്രമിച്ചിരുന്നുവെങ്കിലും കിട്ടാതായതോടെയാണ് ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തത്. നാട്ടിലേക്ക് പോകുംവഴി അപകടത്തില്‍ പെടുന്ന തൊഴിലാളികളുടെ ദുരിതങ്ങള്‍ എല്ലാ ദിവസവും വാര്‍ത്തകളിലൂടെ അറിയുന്നതാണ്. തന്റെ തൊഴിലാളികളെ ദുരന്തത്തിലേക്ക് തള്ളിവിടാന്‍ തയാറല്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പപ്പന്‍ സിങ് പറയുന്നു. ഫ്‌ളൈറ്റ് ടിക്കറ്റിനുമാത്രം ഇദ്ദേഹത്തിന് ചെലവായത് 68000 രൂപയാണ്. എന്തായാലും ആഗസ്റ്റില്‍ കൂണ്‍ കൃഷി ആരംഭിക്കുന്ന സമയത്ത് തിരിച്ചുവരുമെന്ന ഉറപ്പിലാണ് ഇവര്‍ നാട്ടിലേക്ക് തിരിക്കുന്നത്.