ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നാല് സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി. ഗുജറാത്തിലും ഹരിയാനയിലും സീറ്റ് വേണമെന്ന് എഎപി ആവശ്യപ്പെട്ടു. അതേസമയം പഞ്ചാബില്‍ സഖ്യം ഉണ്ടായേക്കില്ല എന്നാണ് സൂചനകള്‍.
7 ലോക്‌സഭാ സീറ്റുള്ള ഡല്‍ഹിയില്‍ നാല് സീറ്റ് വേണമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ സഖ്യ സമിതി അംഗങ്ങളുമായുള്ള യോഗത്തില്‍ ആം ആദ്മി ആവശ്യപ്പെട്ടു. മൂന്ന് സീറ്റ് ആകും കോണ്‍ഗ്രസിന് ലഭിക്കുക. ഹരിയാനയില്‍ മൂന്ന് ഗുജറാത്തിലും ഗോവയിലും ഓരോ വീതം സീറ്റുമാണ് എഎപി ആവശ്യപ്പെട്ടത്. 10 ലോക്‌സഭാ സീറ്റുള്ള ഹരിയാനയില്‍ കൂടുതല്‍ സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കൂടാതെ 13 സീറ്റുള്ള പഞ്ചാബില്‍ 6 സീറ്റില്‍ മത്സരിക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്നത്.
പഞ്ചാബിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങില്ല. ആം ആദ്മി പാര്‍ട്ടിയുമായി പഞ്ചാബില്‍ സഖ്യം വേണ്ട എന്നാണ് പിസിസിയുടെ പൊതുവെ ഉള്ള നിലപാട്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ചര്‍ച്ചകള്‍ തുടരും. അതേസമയം ബീഹാറില്‍ ആര്‍ജെഡിയുമായി സീറ്റ് വിഭജനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയ ജെഡിയു 16 സീറ്റ് വേണമെന്ന് ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി.