ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും പെട്ടന്ന് നടപ്പിലാക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത് ജയില്‍ അധികൃതരാണ്. 2012 ഡിസംബര്‍ 16നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29നാണ് മരണത്തിന് കീഴടങ്ങിയത്.
ഇന്ത്യ മുഴുവന്‍ ചര്‍ച്ചചെയ്ത വിഷയമായിരുന്നു നിര്‍ഭയ സംഭവം. രാജ്യത്ത് പല ഭാഗത്തും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തു. മാത്രമല്ല പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍ കേസിലെ പ്രതികള്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കിയിരുന്നെങ്കിലും തള്ളി പോയി. ഇനി രാഷ്ട്രപതിയ്ക്ക് ഹര്‍ജി നല്‍കുക എന്ന മാര്‍ഗം മാത്രമാണ് മുന്നിലുള്ളത്. എന്നാല്‍ കുറ്റവാളികള്‍ അത്തരം ഒരു നീക്കത്തിന് ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. ഒരു പക്ഷെ അങ്ങനെ നടക്കുകയാണെങ്കില്‍ ജനങ്ങള്‍ പ്രതിഷേധ പരിപാടികള്‍ നടത്തും.
ഏഴ് ദിവസത്തിനുള്ളില്‍ ദയാഹര്‍ജി നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു. നാല് കുറ്റവാളികളില്‍ മൂന്ന് പേര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഒരാള്‍ മണ്ടോളി ജയിലിലും. ദയാഹര്‍ജി നല്‍കിയിട്ടില്ലെങ്കില്‍ വധശിക്ഷ വാറന്റ് പുറപ്പെടുവിക്കാന്‍ ജയില്‍ അധികൃതര്‍ വിചാരണക്കോടതിയോട് ആവശ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാം സിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാം സിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ ജയില്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്.