ഇന്ദ്രപ്രസ്ഥത്തിലെത്താന്‍ ‘കച്ച മുറുക്കി’; ഡല്‍ഹിയില്‍ ഇന്ന് കൊട്ടിക്കലാശം

ന്യൂഡല്‍ഹി: മറ്റന്നാള്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊട്ടിക്കലാശം ഇന്ന് നടക്കും. ഡല്‍ഹി ഭരണം പിടിക്കാന്‍ മുന്‍നിര നേതാക്കള്‍ തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. 70 മണ്ഡലങ്ങളിലേക്കാണ് ജനങ്ങള്‍ ഫെബ്രുവരി എട്ടിന് വിധിയെഴുതുക.

ഡല്‍ഹി തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാകുന്നത് ബിജെപിക്ക് തന്നയാണ്. 12 മാസത്തിനുള്ളില്‍ അഞ്ച് സംസ്ഥാനങ്ങള്‍ കൈവിട്ടുപോയ ബി.ജെ.പിക്ക് ഡല്‍ഹിയും ബീഹാറും കൈവിടുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഉത്തര്‍പ്രദേശും ഗുജറാത്തും കര്‍ണാടകവും കഴിഞ്ഞാല്‍ വലിപ്പമുള്ള സംസ്ഥാനങ്ങളൊക്കെയും ബി.ജെ.പിയെ കൈവിട്ടു കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും എം.എല്‍.എമാരെ കാലുമാറ്റിയാണ് കര്‍ണാടകയില്‍ ബിജെപി ഭരണംപിടിച്ചിരിക്കുന്നത്. ശിവസേന, സഖ്യം വിട്ടതോടെ മഹാരാഷ്ട്രയും ബിജെപിയോട് മുഖം തിരിച്ച അവസ്ഥയാണ്.

ആ തിരിച്ചറിവില്‍ നിന്നാണ് ആയോധ്യ രാമക്ഷേത്ര നിര്‍മ്മാണം ഉയര്‍ത്തി ഹിന്ദു ഏകീകരണ തന്ത്രം അവരിപ്പോള്‍ പയറ്റിയിരിക്കുന്നത്. എങ്ങനേയും ഡല്‍ഹി പിടിക്കുക എന്ന ലക്ഷ്യത്തോടെ മോഡി തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

റോഡ് ഷോകളിലും റാലികളിലും ആഭ്യന്തരമന്ത്രി അമിത് ഷായും തുടക്കം മുതലുണ്ട്. അഞ്ചുകൊല്ലത്തെ കെജ്രിവാള്‍ ഭരണം അവസാനിപ്പിക്കുമെന്നാണ് ബിജെപി പറയുന്നത്.

അതേസമയം എന്ത് സംഭവിച്ചാലും തുടര്‍ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് കെജ്രിവാളും എഎപിയും. മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടികാട്ടുന്നു. അതിനിടെ അരവിന്ദ് കെജ്രിവാളിനെതിരെ സ്വകാര്യ ചാനലില്‍ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പര്‍വേശ് ശര്‍മ്മയ്‌ക്കെതിരെ തെരെഞ്ഞടുപ്പ് കമ്മീഷന്‍ വീണ്ടും നടപടിയെടുത്തു.

അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പിനു ശേഷം ഷഹീന്‍ബാഗില്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് അസദുദ്ദീന്‍ ഓവൈസി എംപി ആരോപിച്ചിരിക്കുന്നത്. ഷഹീന്‍ബാഗ് സമരം ഒഴിപ്പിക്കാന്‍ ബലപ്രയോഗവും വെടിവെപ്പുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഓവൈസി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

എന്നാല്‍ പൗരത്വ നിയമഭേദഗതിക്കെതിരായ സമരം ഹിന്ദു വോട്ടുകള്‍ എതിരാക്കുമോ എന്ന ആശങ്ക ആം ആദ്മിക്കുമുണ്ട്. അതിനാല്‍ ഡല്‍ഹിയിലെ വികസനവും ജനക്ഷേമ ഭരണവും പറഞ്ഞാണ് അവര്‍ പ്രധാനമായും വോട്ടുചോദിക്കുന്നത്.

Top