ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ മാര്‍ച്ചിനിടെ വനിതാ ഫോട്ടാഗ്രാഫര്‍ക്കു ഡല്‍ഹി പൊലീസിന്റെ മര്‍ദ്ദനം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫോട്ടോഗ്രാഫര്‍ അനുശ്രീ ഫഡ്‌നാവിസിനാണ് മര്‍ദ്ദനമേറ്റത്. വനിതാ പൊലീസുകാര്‍ ഇവരെ മര്‍ദ്ദിക്കുകയും കാമറ തട്ടിയെടുക്കുകയും ചെയ്തതായാണ് വിവരം.
കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് തനിക്ക് നേരെ പൊലീസ് തിരിഞ്ഞതെന്ന് അനുശ്രീ പറയുന്നു. തന്റെ ക്യാമറ തട്ടിയെടുക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്നും ,ക്യാമറ തിരികെ നല്‍കാന്‍ അപേക്ഷിച്ചിട്ടു നല്‍കിയില്ലെന്നും അനുശ്രീ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ ദീപേന്ദ്ര പഥക് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്നും കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.