കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: 23 ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

ഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ട്വിറ്റർ അക്കൗണ്ടുകൾ കണ്ടെത്തി. ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് 23 ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. നാല് ടീമുകൾ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടുകൾ കണ്ടെത്തിയത്.

സെപ്തംബർ 20 നാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ലിങ്കുകളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. അന്നുതന്നെ അന്വേഷണം ആരംഭിച്ചു. രാജ്യ തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സംഘം പരിശോധന നടത്തി. അന്വേഷണത്തിൽ തെളിവുകൾ പിടിച്ചെടുക്കുകയും ചെയ്തു. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിന് കത്തെഴുതുകയും മൈക്രോബ്ലോഗിംഗ് സൈറ്റിൽ നിന്ന് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ മറ്റൊരു ഓപ്പറേഷൻ നടത്താൻ ഐഎഫ്എസ്ഒ പദ്ധതിയിടുന്നതായി അധികൃതർ അറിയിച്ചു. 2021 ഡിസംബറിലും 2022 ജനുവരിയിലും ദേശീയ തലസ്ഥാനത്തുടനീളം ജില്ലാ പൊലീസുമായി ചേർന്ന് നടത്തിയ അവസാന ഓപ്പറേഷനിൽ IFSO ആകെ 189 കേസുകൾ രജിസ്റ്റർ ചെയ്യുകയും 132 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുന്ന മൈക്രോബ്ലോഗിംഗ് സൈറ്റിൽ നിരവധി ട്വീറ്റുകളുടെ സാന്നിധ്യം സംബന്ധിച്ച് സെപ്തംബർ 20 ന് ഡൽഹി വനിതാ കമ്മീഷൻ (DCW) ഡൽഹി പൊലീസിനും ട്വിറ്ററിനും സമൻസ് അയച്ചിരുന്നു. ഇത്തരം പ്രവൃത്തികൾ തടയാൻ സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

Top