ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ കാണാതായ രണ്ടു മലയാളികളും മരിച്ചതായി സ്ഥിരീകരിച്ചു. നളിനാക്ഷിയമ്മ, മകന്‍ വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. മകള്‍ ജയശ്രീ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളായ ഇവര്‍ ഡല്‍ഹിയിലെത്തിയത്. കേരളത്തില്‍ നിന്നുള്ള 13 അംഗ സംഘമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്. 10 പേരെ രക്ഷപ്പെടുത്തി.
ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍ അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.
ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു. അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.
ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. ഗ്രൗണ്ട് ഫ്‌ളോറിലും ബേസ്‌മെന്റിലും എത്തുന്നതിന് മുമ്പ് തീ അണച്ചു. 40 മുറികളാണ് അഞ്ചു നില ഹോട്ടലിലുള്ളത്. ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.