ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു. ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായിരുന്ന 54കാരനാണ് മരിച്ചത്. ഡല്‍ഹി കമല മാര്‍ക്കറ്റ് പരിസരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഫിംഗര്‍ പ്രിന്റ്ബ്യൂറോയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മുന്‍ പട്ടാളക്കാരനായ ഇദ്ദേഹം 2014 നവംബര്‍ ഒന്നിനാണ് ഡല്‍ഹി പൊലീസ് ജോലിയില്‍ പ്രവേശിച്ചത്.

മേയ് 26ന് കടുത്ത ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മേയ് 28ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ ഇപ്പോള്‍ രണ്ടാമത്തെ പൊലീസുകാരനാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. നേരത്തേ ഭാരത് നഗര്‍ പൊലീസ് സ്റ്റേഷനിലെ 31 കാരനായ ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Top