ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജീന്‍സ് ഫാക്ടറിയില്‍ ബാലവേല ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്ന 26 കുട്ടികളെ രക്ഷിച്ചു. പ്രതിദിനം 22 മണിക്കൂറാണ് ഇവരെകൊണ്ട് തൊഴിലെടുപ്പിച്ചിരുന്നത്. ഭക്ഷണം ഒരു നേരം മാത്രമാണ് കൊടുക്കുക. ചുറ്റിക കൊണ്ടുള്ള തല്ലും കട്ടറുകള്‍ ഉപയോഗിച്ചുള്ള പീഡനം വേറെ. എട്ട് വയസ്സിനും പതിമൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപ്പെടുത്തിയ കുട്ടികളെല്ലാം.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരിലെ ഫാക്ടറി ഉടമകളുടേതാണ് ഈ ക്രൂരത. കുട്ടികളെയെല്ലാം ബീഹാറിലെ മോതിഹാരി ജില്ലയില്‍ നിന്നും കടത്തികൊണ്ടുവന്നതാണെന്ന് കരുതുന്നു. രക്ഷപ്പെടുത്തിയ കുട്ടികളില്‍ ആറ് പേര്‍ ഒരേ ഗ്രാമങ്ങളില്‍ നിന്നുള്ളവരായിരുന്നു. വീട്ടിലേക്ക് പോകാന്‍ ഫാക്ടറിയില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. നിരവധി കുട്ടികള്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടെന്ന കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പൊലീസും ശിശുക്ഷേമ കമ്മറ്റിയും ഫാക്ടറിയില്‍ റെയ്ഡ് നടത്തുകയായിരുന്നു. സീലാപൂരില്‍ ഒറ്റദിവസം നടത്തിയ റെയ്ഡില്‍ 20ലധികം കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളുടെ ശരീരത്തിലുള്ള പരുക്കിന്റെ അടയാളങ്ങള്‍ ചുറ്റിക കൊണ്ടുള്ള മര്‍ദ്ദനത്തിന്റെ ഫലമാണെന്ന് ആരോഗ്യ പരിശോധനയില്‍ സ്ഥിരീകരിക്കപ്പെട്ടു.
ബുധനാഴ്ച്ച ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആറ് കുട്ടികളെ കണ്ടത്. തീര്‍ത്തും അവശരായിരുന്നു അവര്‍. ചിലരുടെ ശരീരത്തില്‍ പരുക്കേറ്റതിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. അവരോട് വിവരങ്ങള്‍ തിരഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. ചെയ്യുന്ന ജോലിക്ക് പണവും നല്‍കിയിരുന്നില്ല. വിശപ്പടക്കാന്‍ പോലും ഭക്ഷണം ലഭിക്കാറില്ലെന്നും തൊഴിലുടമ ചുറ്റിക കൊണ്ട് തല്ലാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞതായി ഡോണ്‍ ബോസ്‌കോ റെയില്‍വേ ചൈല്‍ഡ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത പറഞ്ഞു.
കട്ടര്‍ ഉപയോഗിച്ച് പീഡിപ്പിക്കാറുണ്ടെന്നും കുട്ടികള്‍ പരാതിപ്പെട്ടു. പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. മാസങ്ങളായി സൂര്യനെ പോലും കുട്ടികള്‍ കണ്ടിട്ടില്ല. പ്രതിദിനം 22 മണിക്കൂര്‍ വരെ തങ്ങള്‍ ജോലി ചെയ്തിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞതായും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.