ന്യൂഡല്‍ഹി: കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്. ശ്രീനിവാസിനും ആരോപണ വിധേയരായ ഗൗതം ഗംഭീര്‍, ദിലീപ് പാണ്ഡെ എന്നിവര്‍ക്കും ഡല്‍ഹി പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. നേതാക്കള്‍ ജനങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ശ്രീനിവാസും സംഘവും ഉള്‍പ്പെടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനധികൃതമായി വിതരണം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി ദീപക് സിങ് എന്നയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി അന്വേഷണത്തിന് ഡല്‍ഹി പൊലീസിനെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആണ് യൂത്ത് കോണ്‍ഗ്രസ് ഓഫിസിലെത്തി ശ്രീനിവാസിന്റെ മൊഴിയെടുത്തത്.
കൊവിഡുമായി ബന്ധപ്പെട്ട് ഏറെ ആളുകള്‍ സഹായത്തിനായി ശ്രീനിവാസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണു സമീപിക്കുന്നത്. ഡല്‍ഹിലെ യൂത്ത് കോണ്‍ഗ്രസ് ഓഫിസില്‍ വാര്‍ റൂം തുറന്നാണ് ശ്രീനിവാസും സംഘവും ഓക്സിജന്‍, മരുന്നു വിതരണം ഏകോപിപ്പിക്കുന്നത്. ‘SOS IYC’ എന്ന പേരില്‍ പ്രവര്‍ത്തകരുടെ ശൃംഖല രൂപീകരിച്ച് വിവിധ നഗരങ്ങളിലാണ് ശ്രീനിവാസ് സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.