സഹയാത്രികയ്ക്കുമേൽ മൂത്രമൊഴിച്ച സംഭവം: വ്യവസായി ശേഖർ മിശ്രയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് വേണമെന്ന് പൊലീസ്

ഡൽഹി: ന്യൂയോർക്ക് ദില്ലി വിമാനത്തിൽ സഹയാത്രികക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായി ശേഖർ മിശ്രയെന്ന് ദില്ലി പൊലീസ്. ഇയാളെ പിടികൂടാനാ‌യി ലുക്ക് ഔട്ട് പുറപ്പെടുവിക്കാൻ ദില്ലി പൊലീസ് അനുമതി തേടി. മിശ്ര ആശയവിനിമയം നടത്താത്തുന്നില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ദില്ലി പൊലീസ് അറിയിച്ചു. തുടർന്നാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അനുമതി തേടിയത്. ഇന്ത്യ ടു‌ഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശേഖർ മിശ്രയെ പിടികൂടാൻ പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചെന്നും മിശ്ര ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കർണാടക സ്വദേശിനിയാണ് പരാതിക്കാരി. സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടക്കുന്നത്.

വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത യാത്രക്കാരനെ 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി എയർ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി. എയർ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത വനിത എയർ ഇന്ത്യ വിമാനത്തിൽ നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഗുരുതര പരാതിയുമായി രം​ഗത്തെത്തിയത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. ക്യാബിൻ ക്രൂവിനെ അറിയിച്ച ശേഷവും മോശമായി പെരുമാറി. വളരെ മോശം അനുഭവത്തിൽ കൂടി കടന്നുപോയിട്ടും വിമാനത്തിലെ ജീവനക്കാർ തന്നോട് സഹകരിച്ചില്ലെന്നും പരാതിക്കാരി കത്തിൽ പറയുന്നു. എയർ ഇന്ത്യ 102 വിമാനത്തിലായിരുന്നു സംഭവം. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു ദുരനുഭവം ഉണ്ടായത്. ലൈറ്റുകൾ ഓഫായതിന് പിന്നാലെ സഹയാത്രികൻ തൻറെ സീറ്റിനടുത്തേക്ക് നടന്ന് വരികയും പാൻറ് തുറന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയും ആയിരുന്നെന്നാണ് പരാതി.

മദ്യപിച്ച് ലക്കുകെട്ട് അവസ്ഥയിലായിരുന്നു ഇയാളെന്നും കത്ത് വിശദമാക്കുന്നു. മൂത്രമൊഴിച്ച ശേഷം സീറ്റിനടുത്ത് നിന്ന് മാറാതെ സ്വാകാര്യ ഭാഗങ്ങൾ സ്ത്രീയ്ക്ക് നേരെ പ്രദർശിപ്പിക്കാനും ഇയാൾ മടി കാണിച്ചില്ലെന്നും കത്തിൽ പരാതിക്കാരി പറയുന്നു. പരാതിക്കാരിയുടെ വസ്ത്രത്തിലും ഷൂസിലും ബാഗിലും മൂത്രമായിയെന്നും യാത്രക്കാരി പറയുന്നു. യാത്രക്കാരി ശബ്ദമുണ്ടാക്കിയതിന് പിന്നാലെയാണ് ഇയാൾ സീറ്റിനടുത്ത് നിന്ന് മാറാൻ പോലും തയ്യാറായത്. ക്യാബിൻ ക്രൂ യാത്രക്കാരിക്ക് വസ്ത്രം നൽകിയ മൂത്രമായ സീറ്റിൽ വയ്ക്കാൻ ഒരു ഷീറ്റും നൽകിയെന്നും പരാതിക്കാരി പറയുന്നു. എയർ ഇന്ത്യ വിമാനത്തിൽ മുതിർന്ന പൗരയെ അപമാനിച്ച സംഭവത്തിൽ യാത്രക്കാരനെതിരെ കേസ് എടുത്തെന്ന് ദില്ലി പൊലീസ് വിശദമാക്കി. നവംബർ 26നാണ് സംഭവം നടന്നതെങ്കിലും എയർ ഇന്ത്യ പരാതി നൽകിയത് ഡിസംബർ 28ന് എന്നും പൊലീസ് കൂട്ടിച്ചേർത്തിരുന്നു.

Top