ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനു പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന് ചേരും. സുപ്രിം കോടതി നിര്‍ദേശം അനുസരിച്ചാണ് യോഗം വിളിച്ചിട്ടുള്ളത്. വായു ഗുണനിലവാര കമ്മീഷന്‍ ചെയര്‍മാന്‍ എം.എം കുട്ടിയുടെ നേതൃത്വത്തില്‍ ആണ് യോഗം ചേരുക.
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര പരിസ്ഥിതി സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും.
യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വൈകിട്ട് അറിയിക്കാന്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. നഗരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കാണണമെന്നും ഇതുവരെ ഒരു തീരുമാനവും ഉണ്ടാവാത്തത് നിരാശജനകമാണെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.
രൂക്ഷ വിമര്‍ശനമാണ് ഡല്‍ഹി സര്‍ക്കാരിനെതിരെ സുപ്രിം കോടതി ഉന്നയിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ പിരിക്കുന്ന നികുതി പണത്തില്‍ അന്വേഷണം നടത്തേണ്ടി വരുമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചിരുന്നു.