കാവി പരാമര്‍ശം; പ്രിയങ്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാധ്വി നിരഞ്ജന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. യോഗി ആദിത്യനാഥിനെതിരായ കാവി പരാമര്‍ശത്തിലാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. പ്രിയങ്ക ഗാന്ധി വ്യാജ ഗാന്ധിയാണെന്നും അതിനാല്‍ കാവി എന്താണെന്ന് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കില്ലെന്നും അവരുടെ പേരിലെ ഗാന്ധിയെ മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്നും നിരഞ്ജന്‍ ജ്യോതി പ്രതികരിച്ചു.

കാവിയെ കുറിച്ച് പ്രിയങ്ക കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും കലാപകാരികളുടെ പിന്നില്‍ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും നിരഞ്ജന്‍ ജ്യോതി ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുന്നതിനാലാണ് പ്രിയങ്ക ഗാന്ധി, യോഗി സര്‍ക്കാരിനെതിരെ പ്രശ്‌നമുണ്ടാക്കുന്നത്.

കാവി എന്നത് അറിവിന്റെയും ഒരുമയുടെയും അടയാളമാണ്’ സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. നിരപരാധികളെയും പൊലീസുകാരെ കല്ലെറിയുന്നവരെയും ശിക്ഷക്കണോ വേണ്ടയോ എന്ന് പ്രിയങ്ക ഗാന്ധി പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്. പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നവരോട് പ്രതികാരം ചെയ്യുമെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദ്യത്യ നാഥിനെ രൂക്ഷമായി വിമര്‍ശിച്ചത്.

യോഗി ആദിത്യ നാഥിന് കാവി ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും യോഗി നേതൃത്വം നല്‍കുകയാണ്. ഇന്ത്യയുടെ ധാര്‍മിക മൂല്യത്തിന്റെ പ്രതീകമാണു കാവി. അത് യോഗി ആദിത്യനാഥിന് ചേരില്ലെന്നുമായിരുന്നു പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം.

Top