ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം കലാപത്തില്‍ കലാശിച്ചപ്പോള്‍ 42 പേരുടെ ജീവനാണ് പൊലിഞ്ഞത്. സംഭവത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 200 ആയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ആം ആദ്മി സര്‍ക്കാര്‍. കലാപത്തില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും കത്തി നശിച്ചവര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഇപ്പോള്‍ നല്‍കുന്ന തുക ആദ്യ ഘട്ടത്തിലെ അടിയന്തിര സഹായം മാത്രമാണെന്നും കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനു ശേഷം ബാക്കി തുക നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ കൊക്കൊണ്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ താത്കാലികമായി ടെന്റുകള്‍ കെട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ 42 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പുതിയ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂവില്‍ ഇന്ന് പത്തുമണിക്കൂര്‍ ഇളവ് അനുവദിച്ചിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ നിലവില്‍ 514 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പൊലീസ് പറയുന്നു.