ഡല്‍ഹിയില്‍ വെടിയും, പുകയും, ബഹളവും കെട്ടടങ്ങുകയാണ്. ഇപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമായി തുടങ്ങുന്നു. എങ്ങിനെയാണ് ഡല്‍ഹി കലാപത്തിലേക്ക് തുടക്കം കുറിച്ചത്. ഞായറാഴ്ച മൗജ്പൂര്‍ ചൗക്കില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരായി സമരം ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ ഭീം ആര്‍മിക്കാരന്‍ കല്ലെറിഞ്ഞതും, ഈ ഗ്രൂപ്പുകാരെ സിഎഎ അനുകൂല പ്രതിഷേധക്കാര്‍ ഓടിച്ചിട്ടതുമാണ് രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കലാപത്തിന് തിരികൊളുത്തിയതെന്നാണ് പൊലീസ് നിഗമനം.
ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം അനുസരിച്ച് എത്തിയ സിഎഎ അനുകൂലികളാണ് ഭീം ആര്‍മിക്കാരെ ഓടിച്ചിട്ടത്. ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലാണ് അടിസ്ഥാന തലത്തില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് ഈ വിവരങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. സിഎഎയ്ക്ക് എതിരായി സമരം ചെയ്ത ഒരു സംഘം ജാഫ്രാബാദ് മെയിന്‍ റോഡ് തടസ്സപ്പെടുത്തിയ ശനിയാഴ്ച രാത്രി തന്നെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
ഞായറാഴ്ച കപില്‍ മിശ്ര ഇവിടം സന്ദര്‍ശിച്ച് പ്രതിഷേധക്കാരെ മൂന്ന് ദിവസത്തിനുള്ളില്‍ ഒഴിവാക്കാന്‍ പൊലീസിന് സാധിച്ചില്ലെങ്കില്‍ തങ്ങള്‍ അത് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ സംഘര്‍ഷാവസ്ഥ ഉയര്‍ന്നു. എന്നാല്‍ പ്രശ്‌നം വഷളാക്കിയത് ചന്ദ്രശേഖര്‍ ആസാദിന്റെ ദളിത് സംഘടനാ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു. ഭീം ആദ്മി പ്രവര്‍ത്തകര്‍ മൗജ്പൂര്‍ ചൗക്കില്‍ സിഎഎ അനുകൂലികള്‍ക്ക് നേരെ ഞായറാഴ്ച കല്ലെറിഞ്ഞു.
ഇതോടെ ഈ ഗ്രൂപ്പ് കല്ലേറുകാരെ ഓടിച്ചിട്ടു. സിഎഎ വിരുദ്ധ പ്രതിഷേധക്കാരും ഇതില്‍ പെട്ടു. ഇതിന് ശേഷം രണ്ട് വിഭാഗങ്ങളും കല്ലേറില്‍ ഏര്‍പ്പെട്ടു. ഇതോടെ ഭീം ആദ്മി അംഗങ്ങള്‍ സിഎഎ വിരുദ്ധ പ്രതിഷേധക്കാരോട് ഒത്തുചേരാന്‍ നിര്‍ദ്ദേശം നല്‍കി. ഇവരെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭീം ആദ്മിക്കാര്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ എത്തിച്ച് സംഘര്‍ഷാവസ്ഥ ആളിക്കത്തിച്ചു. ആം ആദ്മി ഡല്‍ഹി മേധാവി ഹിമാന്‍ഷു വാല്‍മീകിയാണ് ഇതിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാടിലാണ് ഭീം ആര്‍മി.