ഡല്‍ഹി കലാപം; ഉമര്‍ ഖാലിദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയതിന് മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ വിദ്യാര്‍ഥി നേതാവുമായ ഉമര്‍ ഖാലിദിനെതിരെ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഉമര്‍ ഖാലിദ്, ഖാലിദ് സെയ്ഫി, താഹിര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം ജനുവരി എട്ടിന് ഷഹീന്‍ ബാഗില്‍ ഒരു യോഗം സംഘടിപ്പിച്ചതായി ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ 100 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) ഫെബ്രുവരിയില്‍ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. സിഎഎയ്‌ക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു.

ഈ സമയത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സിഎഎ വിരുദ്ധ പ്രകടനങ്ങളില്‍ ഖാലിദ് പങ്കെടുത്തതായി കുറ്റപത്രത്തിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തിന്റെ സംഘാടകര്‍ ഖാലിദിന്റെ യാത്രയ്ക്കും താമസത്തിനുമുള്ള ചെലവുകള്‍ വഹിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ‘ഡല്‍ഹി സ്‌പോട്ടര്‍ പ്രൊട്ടസ്റ്റ്’ എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതായും അതിലൂടെ അക്രമം ആസൂത്രണം ചെയ്തുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

Top