ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇന്ന് മുതല്‍ വിതരണം ചെയ്തു തുടങ്ങും. 25,000 രൂപ വീതം അടിയന്തര സഹായമാണ് അനുവദിച്ചിരിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
കലാപത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്‌കൂളുകളിലേക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇരകളായാവരുടെ വീടുകളില്‍ നേരിട്ടെത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാര്‍ വിവരങ്ങള്‍ ശേഖരിക്കും.
അതേസമയം കലാപത്തിനുശേഷം അഞ്ച് ദിവസം പിന്നിടുമ്പോള്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രശ്ന പ്രദേശങ്ങളില്‍ നിലവില്‍ എല്ലാം ശാന്തമാണ്. വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക് മാറുന്നുണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും വാഹനങ്ങളോടുകയും ചെയ്യുന്നുണ്ട്.
കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. ജനങ്ങളുടെ ഭീതി കുറയ്ക്കാന്‍ ഫ്‌ലാഗ് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
പ്രശ്നബാധിതമേഖലകള്‍ സുരക്ഷാസേനയുടെ നിരന്തര നിരീക്ഷണത്തിലാണുള്ളത്. ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്‌നമേഖലകളില്‍ ഡല്‍ഹി പോലീസിനു പുറമേ ഏഴായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും. സമൂഹമാധ്യമങ്ങളില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ദില്ലി സര്‍ക്കാര്‍ വാട്‌സ് ആപ്പ് നമ്പര്‍ നല്‍കിയിട്ടുണ്ട്.