നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയമങ്ങളുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല: ഡോവല്‍

ന്യൂഡല്‍ഹി: നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയമങ്ങളുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഡല്‍ഹി കലാപത്തിലെ നിഷ്‌ക്രിയ പ്രവൃത്തിയില്‍ പൊലീസിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഗുരുഗ്രാമില്‍ നടക്കുന്ന പൊലീസ് എക്സ്പോയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

‘പാര്‍ലമെന്റില്‍ പാസാക്കിയ നിയമങ്ങള്‍ പൊലീസുകാര്‍ക്ക് നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍, നിയമം എത്ര നന്നായിട്ടും കാര്യമെന്താണ്..? നിയമ നിര്‍വ്വഹണ ഏജന്‍സിയാണ് നിങ്ങള്‍’ ഡോവല്‍ പറഞ്ഞു. ഡല്‍ഹി കലാപത്തെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

സംഘര്‍ഷങ്ങള്‍ക്കിടെ അഗ്‌നിക്കരയാക്കുന്ന പൊലീസ് വാഹനം പൊലീസിന്റെ സ്വത്തല്ലെന്നും മറിച്ച് നികുതിദായകരുടെ പണം ഉപയോഗിച്ച് വാങ്ങുന്ന സമൂഹത്തിന്റെ സ്വത്താണെന്നും ഡോവല്‍ വ്യക്തമാക്കി.

പൊലീസുകാരന്‍ നീതിമാനും വിശ്വാസ യോഗ്യനുമാണ് എന്ന് മാത്രം പറഞ്ഞാല്‍ പോരാ, അതേ രീതിയില്‍ പ്രവര്‍ത്തിക്കുക കൂടി വേണം. അഴിമതികളിലും മറ്റു ജാഗ്രത പുലര്‍ത്തണം. സേനയുടെ മൊത്തം വിശ്വാസ്യതയെ അതുബാധിക്കും’ഡോവല്‍ പറഞ്ഞു.

രാജ്യ തലസ്ഥാത്തിന്റെ വടക്ക് കിഴക്കന്‍ ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി അനുകൂലികളും സമരക്കാരും തമ്മില്‍ നടന്ന സംഘര്‍ഷം വന്‍ കലാപത്തിലേയ്ക്കാണ് വഴിതെളിച്ചിരുന്നത്. ഡല്‍ഹി കലാപത്തില്‍ നിശബ്ദ കാഴ്ചക്കാരായി നിന്ന പൊലീസിന്റെ നിഷ്‌ക്രിയത്വം ഏറെ ചര്‍ച്ചയായിരുന്നു.

ഫെബ്രുവരി 23ന് ജാഫ്രാബാദില്‍ ആരംഭിച്ച അക്രമങ്ങള്‍ അടുത്ത രണ്ട് ദിവസത്തേക്ക് തുടരുകയും പിന്നീടത് വര്‍ഗീയ കലാപത്തിന്റെ രൂപമെടുക്കുകയും മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. കലാപത്തില്‍ 47 പേരുടെ ജീവനാണ് പൊലിഞ്ഞത്. 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടികള്‍ വിലമതിക്കുന്ന സ്വകാര്യ, പൊതു സ്വത്ത് അക്രമികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

Top