ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഒക്ടോബര്‍ 22 വരെയാണ് കാലാവധി നീട്ടിയത്. പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജസ്റ്റിസ് അമിതാഭ് റാവത്തിന്റെ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉമര്‍ ഖാലിദിനെ തിരികെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സെപ്തംബര്‍ 13നാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും, കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടു പേരും ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.