അങ്കിത് ശര്‍മയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ശരീരത്തില്‍ ആഴമേറിയ 51 മുറിവുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കും ശ്വാസകോശത്തിനുമേറ്റ ആഴമേറിയ മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്കിതിന്റെ ശരീരത്തില്‍ 51 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൂര്‍ച്ചയേറിയ ആയുധമേറ്റുള്ള 12 മുറിവുകളും ദണ്ഡ് ഉപയോഗിച്ചുള്ള മര്‍ദനത്തിലുണ്ടായ 33 മുറിവുകളും അങ്കിത് ശര്‍മയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുറിവുകളില്‍ നിന്ന് വലിയ അളവില്‍ രക്തം വാര്‍ന്നതാണ് മരണത്തിനിടയാക്കിയത്. മര്‍ദ്ദനത്തില്‍ തലക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റു. എല്ലാമുറിവുകളും മരണത്തിന് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കലാപം നടന്ന 26 നാണ് വീടിന് സമീപത്തെ അഴുക്ക്ചാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കലാപ സ്ഥലത്തെത്തിയ അങ്കിത് ശര്‍മ്മയെ ഒരു സംഘം ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ കെട്ടിടത്തിലെത്തിച്ച് മര്‍ദ്ദിച്ചവശനാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആരോപണവിധേയനായ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഞ്ചുപേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top