ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഒരു സ്‌ക്കൂളില്‍ ഹിന്ദു, മുസ്‌ലിം വിദ്യാര്‍ഥികളെ വേര്‍തിരിച്ച് ഇരുത്തുന്നതായി പരാതി. വസീറാബാദിലെ നോര്‍ത്ത് എംസിഡി ബോയ്‌സ് സ്‌കൂളിനെതിരെയാണ് ഒരു സംഘം അധ്യാപകര്‍ രംഗത്തു വന്നിരിക്കുന്നത്.
അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ഹാജര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ജാതി തിരിച്ചുതന്നെയാണെന്ന് അധ്യാപകര്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങളെല്ലാം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.
”സെക്ഷനുകള്‍ തിരിക്കുക എന്നത് എല്ലാ സ്‌കൂളുകളിലുമുള്ള രീതിയാണ്. കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യമൊരുക്കുന്ന തരത്തിലാണ് സെക്ഷന്‍ തിരിച്ചിരിക്കുന്നത്. ചില കുട്ടികള്‍ സസ്യഭുക്കുകളാണ്. മറ്റുചിലര്‍ മാംസഭുക്കുകളും. എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും താല്‍പര്യം സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്” സ്‌കൂള്‍ ചുമതലയുള്ള സി ബി സിങ് സെഹ്‌രാവാത് പ്രതികരിച്ചു.
അതേസമയം സെഹ്‌രാവാത് ചുമതലയേറ്റെടുത്ത ശേഷം ജൂലൈയിലാണ് കുട്ടികളെ ഇത്തരത്തില്‍ വേര്‍തിരിച്ചിരുത്താന്‍ തുടങ്ങിയതെന്ന് സ്‌കൂളിലെ മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. പ്രതിഷേധം അറിയിച്ച ചില അധ്യാപകരോട് സെഹ്‌രാവാത് കയര്‍ത്തുസംസാരിച്ചതായും തന്നിരിക്കുന്ന ജോലി ചെയ്താല്‍ മതിയെന്നും പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.