ന്യൂഡല്‍ഹി: ടാക്സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ കോണ്ടം സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന വ്യാജ പ്രചരണത്തിന് പിന്നാലെ കോണ്ടം വാങ്ങാനായി മെഡിക്കല്‍ ഷോപ്പുകളിലേക്ക് പാഞ്ഞ് ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍.
ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയിടുമെന്നും ഡല്‍ഹിയിലെ ഒരു ടാക്സി ഡ്രൈവര്‍ക്ക് കാറില്‍ കോണ്ടം സൂക്ഷിക്കാത്തതിനാല്‍ പിഴ അടക്കേണ്ടിവന്നതായുമാണ് വ്യാജ സന്ദേശം പ്രചരിച്ചത്. സംഭവം കേട്ടപാടെ ഡല്‍ഹിയിലെ ഭൂരിഭാഗം ടാക്സി ഡ്രൈവര്‍മാരെല്ലാം കോണ്ടം വാങ്ങിസൂക്ഷിച്ചു. പോലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് കോണ്ടം വാങ്ങിവെച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ എന്തിനാണ് കോണ്ടം സൂക്ഷിക്കുന്നതെന്ന ചോദ്യം ആരും ഉന്നയിച്ചില്ലെന്നും കേട്ടപാടെ കോണ്ടം വാങ്ങിവെക്കുകയായിരുന്നെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.
അതേസമയം, മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു നിബന്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും, ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം സൂക്ഷിക്കാത്തതിന്റെ പേരില്‍ ആരില്‍നിന്നും ഇതുവരെ പിഴ ഈടാക്കിയിട്ടില്ലെന്നും ഡല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍(ട്രാഫിക്) താജ് ഹസന്‍ അറിയിച്ചു.