വിക്രമാദിത്യയില്‍ വിജയകരമായി ലാന്‍ഡ് ചെയ്ത് തേജസ് പോര്‍വിമാനം

ന്യൂഡല്‍ഹി: തേജസ് പോര്‍വിമാനം വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയില്‍ ലാന്‍ഡ് ചെയ്തു. ഇതാദ്യമായാണ് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റിന്റെ നേവി വേരിയന്റ്, തേജസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍ ലാന്‍ഡ് ചെയ്യുന്നത്.

അങ്ങനെ റഷ്യ, അമേരിക്ക, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം, ചൈന എന്നിവയ്ക്ക് ശേഷം ഒരു വിമാനവാഹിനിക്കപ്പലില്‍ വിമാനം ലാന്‍ഡിങ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഈ നേട്ടത്തിലൂടെ, വിമാനവാഹിനിക്കപ്പല്‍ യുദ്ധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനം പ്രയോഗിക്കാനും ഇന്ത്യക്ക് സാധിക്കും. ഇന്ത്യന്‍ നാവികസേനയ്ക്കായി ഇരട്ട എന്‍ജിന്‍ ഡെക്ക് അധിഷ്ഠിത യുദ്ധവിമാനത്തെ നിര്‍മിക്കാന്‍ വഴിയൊരുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

നിലവിലെ എയര്‍ വേരിയന്റിന് വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും കനത്ത ബോംബുകളുപയോഗിച്ച് പരമ്പരാഗതമായി ആക്രമിക്കാനും കഴിയുന്നവയാണ്.

Top