ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെയെല്ലാം ഭീതിയിലാഴ്ത്തി കൊണ്ട് നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ പൂട്ടാന്‍ വ്യത്യസ്ത നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ കൊറോണ ഉണ്ടാവില്ലെന്നും നിരന്തരമായി യോഗ പരിശീലിച്ചാല്‍ വൈറസിനെ പ്രതിരോധിക്കാമെന്നും യോഗി പറഞ്ഞു. അന്താരാഷ്ട്ര യോഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദിവസവും യോഗ ചെയ്യുന്ന ആരോഗ്യവാനായ ഒരാള്‍ കൊറോണയെ ഭയക്കേണ്ടതില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ യോഗ പോലുള്ള അതിശക്തമായ പല കാര്യങ്ങളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. മാനസികവും ശാരീരികവുമായ തളര്‍ത്തുന്ന അസുഖത്തിനെതിരെ ലോകം പോരാടുകയാണ്. യോഗ ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം, ഹൃദയാഘാതം, വൃക്ക, കരള്‍ തകരാറുകള്‍, കൊറോണ തുടങ്ങി നിരവധി അസുഖങ്ങളെ നേരിടാന്‍ സാധിക്കുന്നതാണ്.’യോഗി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷം ജപ്പാനില്‍ മസ്തിഷ്‌കവീക്കം 60 ശതമാനം കുറയുകയും ഇതിലൂടെയുണ്ടായ മരണനിരക്ക് 90 ശതമാനത്തോളം കുറഞ്ഞുവെന്നും യോഗി ആദിത്യനാഥ് അവകാശപ്പെടുന്നു.
അതേസമയം, ഇന്ത്യയില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടതിനാല്‍ നോയ്ഡയിലെ സ്‌കൂള്‍ അടച്ചു. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നോയ്ഡയിലെ സ്‌കൂളില്‍ പാര്‍ട്ടി നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ നിരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ ബാധയുടെ കാര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണകൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.