ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഏറ്റവും അധികം മലിനീകരണം നടക്കുന്നത് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി ആണെന്നാണ് റിപ്പോര്‍ട്ട്. ലോകാരാഗ്യ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മുംബൈ, വാരാണസി ഉള്‍പ്പെടെ ഇന്ത്യയിലെ 14 നഗരങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
14 മില്ല്യണിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലാവരം താരതമ്യം ചെയ്ത് ഡബ്ല്യുഎച്ച്ഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാലാം സ്ഥാനത്ത് ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയാണ്.
മലിനീകരണത്തില്‍ രണ്ടാം സ്ഥാനം ഈജിപ്തിലെ ഗ്രേയ്റ്റ് കെയ്റോ നഗരത്തിനും, മൂന്നാം സ്ഥാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും അഞ്ചാം സ്ഥാനം ബെയ്ജിങിനുമാണ്.
ലോകത്തെ 90 ശതമാനം ആളുകളും മലിനവായുവാണ് ശ്വസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലിനവായു ശ്വസിച്ചതിനെ തുടര്‍ന്ന് 2016-ല്‍ 70 ലക്ഷം ആളുകള്‍ മരണപ്പെട്ടതായാണ് ഡബ്ല്യുഎച്ച്ഒയുടെ കണക്ക്. ഈ നഗരങ്ങളിലെ മലിനീകരണ തോത് 2.5 പി.എം ആണ്.
മലിനീകരണത്തെ തുടര്‍ന്ന് പ്രതിവര്‍ഷം ഇന്ത്യയില്‍ 24 ലക്ഷം പേര്‍ അകാലത്തില്‍ മരണമടയുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ ഇത് 38 ലക്ഷമാണ്. ഇതില്‍ തെക്കന്‍ കിഴക്കന്‍ ഏഷ്യയുടെ സംഭാവന 40 ശതമാനമാണ്.
അന്തരീക്ഷ മലിനീകരണവും കെട്ടിടങ്ങളുടെ ഉള്ളിലെ മലിനീകരണവും ഇന്ത്യയെ വലയ്ക്കുന്ന പ്രശ്നങ്ങളാണ്. രാജ്യത്ത് മറ്റ് ചെറുനഗരങ്ങളും ഡല്‍ഹിയിലേതിന് സമാനമായ മലിനീകരണമുള്ളവയാണ്. 17 ദശലക്ഷം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഡല്‍ഹിയില്‍ മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്.