വുഹാനിലും ഡയമണ്ട് പ്രിന്‍സസ് കപ്പലിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി: കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ജപ്പാനിലെ യോക്കോഹോമ തുറമുഖത്ത് കിടന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഇന്ത്യക്കാരെയും തിരിച്ചെത്തിച്ചു.

വ്യോമസേനയുടെ സി-17 സൈനിക വിമാനം വുഹാനില്‍നിന്ന് 76 ഇന്ത്യക്കാരെയും 36 വിദേശികളെയുമാണ് ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിച്ചത്. മാസ്‌കും കൈയുറകളും മരുന്നുകളുള്‍പ്പെടെ 15 ടണ്‍ വൈദ്യസഹായവുമായാണ് വിമാനം വുഹാനില്‍ ഇറങ്ങിയത്. ഇത് കൈമാറിയ ശേഷമാണ് ഇന്ത്യക്കാരുമായി തിരിച്ച് എത്തിയത്.

ബംഗ്ലാദേശ്, മ്യാന്‍മര്‍, മാലദ്വീപ്, ചൈന, ദക്ഷിണാഫ്രിക്ക, യുഎസ്എ, മഡഗാസ്‌ക്കര്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാരാണ് ഇന്ത്യക്കാരെ കൂടാതെ വിമാനത്തിലുണ്ടായിരുന്നത്. എയര്‍ ഇന്ത്യ വിമാനം ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരുമായാണ് തിരികെ എത്തിയത്. ഈ വിമാനത്തില്‍ കപ്പലിലെ അഞ്ച് വിദേശികളും ഉണ്ടായിരുന്നു.

Top