ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് സമരക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തുന്നു. പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഈ നീക്കം. മാര്‍ച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് സമരക്കാര്‍ ഇന്നലെ പൊലീസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇത് നിരാകരിക്കുകയായിരുന്നു.
ബാനറുകളും പതാകകളുമായി സ്ത്രീകളടക്കമുള്ളവരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. അതേസമയം, മന്ത്രിയുടെ വസതിയില്‍ നിന്ന് 500 മീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. അമിത് ഷായുടെ വസതിയും പ്രദേശത്തുമായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 5000 പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
ഈ നിയമവുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ആശങ്കകളുണ്ടെങ്കില്‍ തന്നെ വന്ന് കാണാന്‍ കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞിരുന്നെന്ന് സമരക്കാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. എന്നാല്‍ അമിത്ഷായെ കാണാന്‍ പ്രത്യേക പ്രതിനിധി സംഘത്തെ തങ്ങള്‍ അയക്കുന്നില്ലെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. ഷാ മറുപടി നല്‍കേണ്ടത് പ്രതിനിധികള്‍ക്കല്ല മറിച്ച് എല്ലാവര്‍ക്കുമാണെന്നായിരുന്നു അവരുടെ വാദം.
സി.എ.എയ്‌ക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഡിസംബര്‍ 15 മുതല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഷഹീന്‍ബാഗില്‍ സമരം ആരംഭിച്ചത്.