ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ ചൊല്ലി വടക്ക് കിഴക്കന്‍ മേഖലയിലുണ്ടായ സംര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘര്‍ഷ സ്ഥലങ്ങളിലെ എംഎല്‍എമാരുമാണ് പങ്കെടുക്കുന്നത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് കെജ്രിവാള്‍ അഭ്യര്‍ഥിച്ചു.
അതേസമയം, ഇപ്പോഴും ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്ന് രാവിലെ കബീര്‍ നഗറിലും മൗജ്പൂരിലും ബ്രഹ്മപുരിയിലും വീണ്ടും കല്ലേറുണ്ടായി. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധിക്കുന്നവരും ചേരിതിരിഞ്ഞ് കല്ലേറ് നടത്തുകയായിരുന്നു.
സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരുന്നതായും വഴിയിലിറങ്ങുന്ന ആളുകളുടെ പേര് ചോദിച്ച ശേഷം മര്‍ദിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. 10 ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് മെട്രോസ്റ്റേഷനുകള്‍ അടച്ചു.
സംഘര്‍ഷ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റിവച്ചു. സംഘര്‍ഷങ്ങളില്‍ ഒരു പോലീസുകാരന്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടു പേരുടെ നില അതീവഗുരുതരമാണ്.