പുതിയ കരസേനാ മേധാവിയായി ലഫ്റ്റനെന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ

ന്യൂഡല്‍ഹി: കരസേന ഉപമേധാവിയായ ലഫ്റ്റനെന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേനാമേധാവിയാകും. ബിപിന്‍ റാവത്ത് ഈ മാസം കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് നരവാനെ പുതിയ മേധാവിയാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കരസേനാ ഉപമേധാവിയായി ചുമതലയേല്‍ക്കുംവരെ ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റര്‍ അതിര്‍ത്തി സംരക്ഷിക്കുന്ന ഈസ്റ്റേണ്‍ കമാന്‍ഡിനെ നയിച്ചുവന്നത് ഇദ്ദേഹമാണ്.

ഇതോടെ ഇരുപത്തിയെട്ടാമത്തെ കരസേനാ മേധാവിയാകും മനോജ് മുകുന്ദ് നരവാനെ. സിഖ് ലൈറ്റ് ഇന്‍ഫ്രന്‍ട്രിയില്‍ നിന്നുള്ള സൈനികനാണ് ലഫ്റ്റനെന്റ് ജനറല്‍ നരവാനെ. രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിന്റെയും ആസാം റൈഫിള്‍സിന്റെയും മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകര വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം മ്യാന്‍മറിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ വരെയായിരിക്കും കരവാനെയുടെ കാലാവധി.

Top