ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ആളിപ്പടര്‍ന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേര്‍ ഇന്ന് മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ഇന്നലെ മാത്രം 11 പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു.
ഞായറാഴ്ച ആരംഭിച്ച കലാപം ഇതിനകം ശാന്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപബാധിത പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേയ്ക്കുവന്നുതുടങ്ങി. ചില മേഖലകളില്‍ കടകള്‍ തുറന്നു.
കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായി തന്നെ തുടരുകയാണ്.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കമ്മീഷണറായ എസ്.എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസിന്റെ തലവനായി നിയമിച്ചു.
നിലവിലെ പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിന്റെ കാലാവധി നാളെ അവസാനിക്കുന്നതിനാല്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കമ്മീഷണറായ എസ്.എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസിന്റെ തലവനായി നിയമിച്ചു.
മുസ്തഫബാദ്, കരാവല്‍ നഗര്‍ അടക്കമുള്ള ഗല്ലികളില്‍ രാത്രിയുടെ മറവില്‍ ആക്രമണങ്ങള്‍ തുടരുന്നതായും പരാതിയുണ്ട്. ഡല്‍ഹി പൊലീസിന്റെ രണ്ട് പ്രത്യേക സംഘമാണ് കലാപം അന്വേഷിക്കുന്നത്. 106 ല്‍ അധികം പേരെ അറസ്റ്റ് ചെയ്ത പൊലീസ് 48 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ജഫ്രാബാദില്‍ കലാപത്തിനിടെ വെടി ഉതിര്‍ത്തയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.