ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും ആറ് സിവിലിയന്‍മാരുമാണ് മരിച്ചത്. രണ്ടു ദിവസമായി തുടരുന്ന അക്രമത്തില്‍ 100ല്‍ ഏറെപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരാളുടെ തലയ്ക്കാണു വെടിയേറ്റത്.
കല്ലേറില്‍ പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ ലാലാണ് മരിച്ചത്. അക്രമത്തില്‍ മറ്റൊരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അമിത് ശര്‍മയ്ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ച മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ചു വ്യക്തതയില്ല.
അതേസമയം, ഇപ്പോഴും ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്ന് രാവിലെ കബീര്‍ നഗറിലും മൗജ്പൂരിലും ബ്രഹ്മപുരിയിലും വീണ്ടും കല്ലേറുണ്ടായി. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധിക്കുന്നവരും ചേരിതിരിഞ്ഞ് കല്ലേറ് നടത്തുകയായിരുന്നു.
സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരുന്നതായും വഴിയിലിറങ്ങുന്ന ആളുകളുടെ പേര് ചോദിച്ച ശേഷം മര്‍ദിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. 10 ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് മെട്രോസ്റ്റേഷനുകള്‍ അടച്ചു.
സംഘര്‍ഷ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റിവച്ചു. സംഘര്‍ഷങ്ങളില്‍ ഒരു പോലീസുകാരന്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടു പേരുടെ നില അതീവഗുരുതരമാണ്.