പൗരത്വ ഭേദഗതി നിയമം; പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം ഇന്ന്‌

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായതോടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പോരിന് വഴിതുറന്ന സാഹചര്യത്തില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മാത്രമല്ല നിയമത്തെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മയും ഇന്ന് നടക്കും.

നിയമം വിശദീകരിച്ചു കൊണ്ടുള്ള പ്രചരണം വ്യാപിപ്പിക്കാനാണ്‌ കേന്ദ്രത്തിന്റെ തീരുമാനം. ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമാവുകയും പൗരത്വ രജിസ്റ്ററിനെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധിപ്പിച്ച് പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് യോഗം വിളിക്കാന്‍ തീരുമാനിച്ചത്.

ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് കാട്ടി ഉത്തരേന്ത്യയിലെ ഹിന്ദി ദിനപത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. പൗരത്വ രജിസ്റ്റര്‍ എന്നെങ്കിലും നടപ്പിലാക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത തരത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളില്‍ വിശദീകരിക്കുന്നു.

നിയമ ഭേദഗതി എതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതോ ഏതെങ്കിലും പ്രദേശത്ത് ജീവിക്കുന്നതോ ആയ ഇന്ത്യന്‍ പൗരന്മാരെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും അതേസമയം ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമം സംബന്ധിച്ച് സംഘടന തലത്തിലുള്ള പ്രചാരണ പരിപാടികള്‍ ആലോചിച്ചേക്കും.

Top