രാജ്യത്ത് മറ്റൊരു 1984 അനുവദിക്കില്ല, അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

Delhi High Court

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡല്‍ഹി കലാപത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന ഹര്‍ഷവര്‍ധന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റീസുമാരായ എസ്. മുരളീധര്‍, തല്‍വന്ത് സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മാത്രമല്ല ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടി വേണമെന്നും ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം, കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം പരിശോധിച്ച് ഉചിതമായി തീരുമാനമെടുക്കണമെന്നും അത് കോടതിയെ അറിയിക്കണമെന്നും പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കപില്‍ മിശ്രയടക്കം നാല് പേരുടെ വിദ്വേഷ പ്രസംഗം പരിശോധിക്കാനാണ് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കലാപത്തില്‍ ഹൈക്കോടതി അഡ്വ. സുബൈദ ബീഗത്തെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചു. കലാപത്തിനിരയായവരും സര്‍ക്കാരും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്. വേണമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിട്ടുനല്‍കാന്‍ ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അമിക്കസ് ക്യൂറിക്ക് ആവശ്യപ്പെടാം. ഏത് സമയത്തും അമിക്കസ് ക്യൂറിക്ക് മുന്നില്‍ പരാതി പറയാന്‍ കലാപത്തിന്റെ ഇരകള്‍ക്ക് അവകാശമുണ്ടായിരിക്കും.

Top