ന്യൂഡല്‍ഹി: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധി തീരുമാനിച്ചു. 65 വയസ്സ് വരെയുള്ളവര്‍ക്ക് മാത്രമേ, ഇനി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താനാകൂ. മൂന്ന് വര്‍ഷത്തെ കാലാവധിയാകും ഈ പോസ്റ്റിലെത്തുന്നയാള്‍ക്ക് ഉണ്ടാകുക. പദവി രൂപീകരിച്ചതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയതിന് പിന്നാലെയാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഈ തീരുമാനം.
സര്‍വസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴില്‍ കര, നാവിക, വ്യോമസേനാ തലവന്‍മാരുടെ മേധാവിയായി, മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ചീഫ് ഡിഫന്‍സ് ഓഫീസര്‍. സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ പദവിയിലേക്ക് ആരെത്തും എന്നാണ് രാജ്യം ഇനി ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
മൂന്ന് സേനകളില്‍ നിന്നുള്ള ഏതെങ്കിലുമൊരു ഫോര്‍ സ്റ്റാര്‍ ഓഫീസറാകും ഈ പദവിയിലെത്തുക. ഇപ്പോള്‍ വിരമിക്കാന്‍ പോകുന്ന കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നും അഭ്യൂഹങ്ങളുണ്ട്.
ഈ പദവിക്ക് കൃത്യം കാലാവധിയുണ്ടാകും.
രാജ്യത്തിന്റെ ആയുധവാങ്ങല്‍ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കല്‍, അതോടൊപ്പം മൂന്ന് സേനകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രധാനചുമതലകളില്‍ ചിലതാണ്. നിലവില്‍ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന – സേനാമേധാവിമാരുടെ സമിതിയുടെ തലവനായി പ്രവര്‍ത്തിക്കുന്നത് കരസേനാ മേധാവിയായ ബിപിന്‍ റാവത്താണ്. എന്നാല്‍ അദ്ദേഹത്തിന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനുള്ള തരത്തിലുള്ള അധികാരങ്ങളില്ല.