ന്യൂഡല്‍ഹി: വിവാദമായ പൗരത്വഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും ഈ വാഗ്ദാനമടക്കം അംഗീകരിച്ചാണ് ജനം ബി.ജെ.പിയെ ജയിപ്പിച്ചതെന്നും ബില്‍ നടപ്പാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിനുണ്ടെന്നും രാജ്യസഭയില്‍ അദ്ദേഹം വ്യക്തമാക്കി.
ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും പതിറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ പോലെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചു കൊണ്ടു തന്നെ പൗരത്വഭേദഗതി നിയമം കൊണ്ടു വരുമെന്നും അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി.
ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അഭയാര്‍ത്ഥികളായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷ വിഭാഗങ്ങളില്‍ സമീപകാലത്ത് 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഷാ കുറവ് വന്ന ആളുകള്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ഇന്ത്യയിലേക്ക് കടക്കുകയോ ചെയ്തിരിക്കാമെന്നും ചൂണ്ടിക്കാട്ടി.
പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. സിലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിന് 311 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 80 പേര്‍ മാത്രമാണ് എതിര്‍ത്തത്. പക്ഷേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ ബില്‍ പാസാക്കാന്‍ കഴിയില്ല.
നിലവില്‍ 240 പേരാണ് രാജ്യസഭയുടെ അംഗബലം. കേവലഭൂരിപക്ഷത്തിന് 121 പേര്‍ വേണമെന്നര്‍ത്ഥം. എന്‍ഡിഎക്ക് പിന്തുണയുമായി അണ്ണാഡിഎംകെ, ജെഡിയു, അകാലിദള്‍ എന്നീ പാര്‍ട്ടികളുണ്ട്. ഇപ്പോള്‍ത്തന്നെ 116 ആയി അംഗബലം. 14 പേരുടെ പിന്തുണ കൂടി എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 130 ആയി അംഗബലം ഉയരും. വോട്ടെടുപ്പിലെത്തുമ്പോള്‍ എളുപ്പത്തില്‍ ബില്ല് പാസ്സാകുമെന്ന ഉറപ്പ് ബിജെപിക്കും അമിത് ഷായ്ക്കും ഉണ്ട്.