പശ്ചിമ ബംഗാളില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രാജ്യത്ത് മരണസംഖ്യ 31 ആയി

ന്യൂഡല്‍ഹി: ഓരോ ദിവസവും ചെല്ലുന്തോറും കൊറോണ രോഗബാധിതരുടെ എണ്ണവും മരണ നിരക്കും വര്‍ധിക്കുകയുമാണ്. ഇപ്പോഴിതാ പശ്ചിമ ബംഗാളില്‍ വൈറസ് മൂലം ഒരു സ്ത്രീ മരിച്ചു. ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ 54-കാരിയായ സ്ത്രീയാണ് ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ മരിച്ചത്.

പശ്ചിമബംഗാളിലെ രണ്ടാമത്തെ മരണമാണിത്. മകളുടെ ചികിത്സാര്‍ത്ഥം ചെന്നൈയില്‍ പോയി തിരിച്ചെത്തിയ സ്ത്രീയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് മൂലം മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു.

അതേസമയം, ഇതുവരെ രാജ്യത്തൊട്ടാകെ 1171 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി ഇന്ന് രാവിലെയോടെ പുതുതായി 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 100 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില് 218 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കേരളം രണ്ടാം സ്ഥാനത്താണ്.സംസ്ഥാനത്ത് ഇതുവരെ 202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top