ന്യൂഡല്‍ഹി: പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് മുന്‍കൂര്‍ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റീസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് മാര്‍ച്ച് ആറു വരെ ഹര്‍ദിക്കിന് ജാമ്യം അനുവദിച്ചത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ദിക്കിന്റെ ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. 2015 ല്‍ ആണ് കേസെടുത്തത്. കേസില്‍ അന്വേഷണം നടക്കുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിങ്ങള്‍ കേസിനു പുറത്ത് ഇരിക്കുകയായിരുന്നോയെന്ന് കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
2015 ഓഗസ്റ്റിലാണ് ഗുജറാത്തില്‍ പിന്നാക്ക വിഭാഗ സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ സമരം അക്രമാസക്തമായത്. പിന്നീട് സംവരണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ 21കാരന്‍ ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.