തണുത്ത് വിറച്ച് തലസ്ഥാന നഗരി; 6 സംസ്ഥാനങ്ങളില്‍ റെഡ് അലെര്‍ട്ട്

ന്യൂഡല്‍ഹി: കനത്ത മഞ്ഞിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ 6 സംസ്ഥാനങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ താപനില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നതോടെ ഉത്തരേന്ത്യ തണുത്തുവിറച്ചു. മൂടല്‍ മഞ്ഞ് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. നാലുവിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും 24 ട്രെയിനുകള്‍ വൈകിയുമാണ് ഓടുന്നത്. 2 മുതല്‍ അഞ്ച് മണിക്കര്‍ വരെയാണ് ട്രെയിനുകള്‍ വൈകിയെത്തിയത്.

കനത്തമഞ്ഞ് റണ്‍വേയിലെ കാഴ്ച മറച്ചതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുവിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഹരിയാനയിലെ റെവാരി ജില്ലയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുടര്‍ച്ചയായ 14 ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. 1996ന് ശേഷം ഡല്‍ഹിയില്‍ താപനില ഇത്രയും താഴുന്നത് ആദ്യമാണ്. ഡല്‍ഹിയില്‍ 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും.

ഡല്‍ഹി, നോയ്ഡ, ഗുര്‍ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 31 മുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മെട്രോളജിക്കല്‍ വകുപ്പ് വ്യക്തമാക്കിയത്.

Top