ന്യൂഡല്‍ഹി: ഹൈരാബാദില്‍ വെടിവെച്ച് കൊന്നതുപോലെ ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. തന്റെ സഹോദരിയെ കൊന്ന അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നും വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ കൊണ്ട് നീതി ലഭിക്കില്ലെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
ഇന്നലെ രാത്രിയില്‍ ആയിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി തീകൊളുത്തപ്പെട്ട് മരണത്തോട് മല്ലിട്ട പെണ്‍കുട്ടി മരിച്ചത്. ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൂട്ടബലാത്സംഗത്തിനിരയായി പരാതി നല്‍കിയതിന്റെ പേരിലാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം വ്യാഴാഴ്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പരാതിയില്‍ നിന്ന് പിന്മാറാന്‍ പ്രതികള്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കൂട്ടാക്കാതിരുന്ന യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു.
ഉന്നാവോയിലെ ഹിന്ദുനഗറില്‍വച്ച് അഞ്ചംഗസംഘമാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്‌പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പ്രതികള്‍. ഇതില്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018ല്‍ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.