ജെഎന്‍യു സംഭവത്തെ മുംബൈ ഭീകരാക്രമണത്തോട് ഉപമിച്ച് ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ രാത്രി മുഖംമൂടി ധാരികള്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തെ മുംബൈ ഭീകരാക്രമണത്തോട് ഉപമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ ആരെന്ന് വെളിച്ചത്ത് കൊണ്ടുവരണമെന്നും രാജ്യത്ത് പലയിടത്തും വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ലെന്നും ഉദ്ധവ് പറഞ്ഞു.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു മുഖം മറച്ച് ആയുധങ്ങളുമായി എത്തിയവര്‍ ജെ.എന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മര്‍ദിച്ചത്. എബിവിപി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മുഖം മറച്ച് ആയുധങ്ങളുമായി നില്‍ക്കുന്ന അക്രമി സംഘത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സബര്‍മതി, മഹി മാന്ദ്വി, പെരിയാര്‍ തുടങ്ങിയ ഹോസ്റ്റലുകളിലുള്ളവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.മുഖംമറച്ചെത്തിയ സംഘം വടികളും ഹാമറുമടക്കം ഉപയോഗിച്ച് ഹോസ്റ്റലുകളിലേക്ക് കയറി വന്ന് മര്‍ദിക്കുകയായിരുന്നു.

അതിനിടെ ജെ.എന്‍.യുവിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ് പുറത്തായത്. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എന്‍.യുവിലെ ‘ദേശ വിരുദ്ധരെ’ ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.അക്രമം ആസൂത്രിതമാണെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചിരുന്നു.

\

Top