ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായി: കപില്‍ മിശ്ര

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മോഖലകളില്‍ നടക്കുന്ന ചേരി തിരിഞ്ഞുള്ള സംഘര്‍ഷത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായതായി കപില്‍ മിശ്ര പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്‌

കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടുന്നു. നിങ്ങളെയും ക്ഷണിക്കുന്നു എന്ന് ജഫ്രാബാദിലെ സമരക്കാരോട് അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല ജാഫ്രബാദിനെ മറ്റൊരു ഷഹീന്‍ ബാഗ് ആക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് ജാഫ്രബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചത്.

ഷഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബാദില്‍ പൗരത്വനിയമഭേദഗതിക്കെതിരേ ശനിയാഴ്ചയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നിരുന്നു, ഇതേത്തുടര്‍ന്നാണ് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

Top