ന്യൂഡല്‍ഹി: ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് പത്ത് വര്‍ഷം തടവ്. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് സെന്‍ഗാറിന്റെ സഹോദരന്‍ ഉള്‍പ്പെടെ കേസിലെ ആറ് പ്രതികള്‍ക്കും പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
അതേസമയം,കുടുംബത്തിന് ഇവര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ സെന്‍ഗാര്‍ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റം.
ആകെയുള്ള 11 പ്രതികളില്‍ കുല്‍ദീപ് സെന്‍ഗാറും മറ്റ് ആറ് പേരും കുറ്റവാളികളാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ഒന്‍പതിന് ജുഡീഷല്‍ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച കേസിലും കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയാണ്.