നിര്‍ഭയ കേസ്; ശിക്ഷ വെവ്വേറെ നടപ്പാക്കണം എന്ന ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.

ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോകുന്നതിനാല്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ശിക്ഷാ വിധി വെവ്വേറെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഇതേ ആവശ്യം ഉന്നയിച്ചു സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ സുപ്രീംകോടതിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരും സമീപിക്കുകയായിരുന്നു.

ഒരോരുത്തരായി പുന:പരിശോധാ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം നീട്ടാനുള്ള തന്ത്രമാണെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

എന്നാല്‍ നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അക്ഷയ് ഠാക്കൂര്‍ , വിനയ് ശര്മ, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Top