ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗബഞ്ചിന് വിട്ട് സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജികളില്‍ അഞ്ചംഗബഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ 9 അംഗബഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മറ്റുമതങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടിയുള്ളതിനാലാണ് ഈ തീരുമാനം. മാത്രമല്ല നിയമപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന ഹര്‍ജികളിലാണ് കോടതി ഇടപെടേണ്ടതെന്നും പരിഗണിക്കുന്നത് ഭരണഘടനാ പ്രശ്‌നങ്ങളാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബഞ്ചിന് വിടാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്.നരിമാന്‍ പറഞ്ഞു. സ്വന്തം നിലയ്ക്ക് കോടതിയില്‍ ഹാജരായാണ് നരിമാന്‍ ഇടപെട്ടത്. നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു.
ബഞ്ചിന്റെ അധികാരപരിധി സംബന്ധിച്ച വാദം ആദ്യംതന്നെ വേണമെന്ന് ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. വിശാലബഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.