ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. തെരഞ്ഞെടുപ്പ് ചിത്രത്തില്‍ കോണ്‍ഗ്രസ് ഇടം പിടിച്ചിട്ടേയില്ല. ഇപ്പോഴിതാ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്.
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നെന്നും കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്ന് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തനിക്ക് അറിയാമായിരുന്നു എന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.
ഇതിന്റെ ഉത്തരവാദിത്വം ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഏതാനും നേതാക്കള്‍ക്കാണെന്നും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിക്കഴിയുമ്പോള്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുമെന്നും മറ്റു വിഷയങ്ങളെല്ലാം തമസ്‌കരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് എംപി പ്രണീത് കുമാര്‍ പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കിയതുപോലെ എഎപി തന്നെ ഡല്‍ഹയില്‍ അധികാരത്തിലെത്തുമെന്നും അവര്‍ വ്യക്തമാക്കി.