ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ റോഡ് ഉപരോധ സമരത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മെട്രോ സ്റ്റേഷന്‍ അടച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര് നടത്തുന്ന സമരം ജാഫ്രാബാദ് മെട്രോ സ്റ്റേഷനു സമീപത്താണ്.
വന്‍ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്നത്. 500ല്‍ അധികം സ്ത്രീകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരം 70 ദിവസത്തോളമായി തുടരുകയാണ്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനും പ്രതിഷേധക്കാര്‍ പിന്തുണ നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദ് സംഘടിപ്പിച്ചിരിക്കുന്നത്. സമരത്തെ തുടര്‍ന്നു പ്രദേശത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.