പാവപ്പെട്ടവരെ സ്വാധീനിക്കാനുള്ള തന്ത്രമായിരുന്നു സൗജന്യ വൈദ്യുതി: ബിജെപി എംപി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതീക്ഷകളൊക്കെ അസ്ഥാനത്ത് ആകുമ്പോള്‍ ന്യായീകരണം നിരത്തി ബിജെപി.ഡല്‍ഹി നിവാസികളില്‍ നിന്നും വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രഖ്യാപനം പാവപ്പെട്ടവരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ബിജെപി എംപി രമേഷ് ബിദൂരി പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ താഴെതട്ടിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ബിജെപിയുടെ പ്രകടനം മികച്ചതാവുമെന്നും അല്ലാത്തപക്ഷം കെജ്രിവാളിന്റെ സൗജന്യ വൈദ്യുതി എന്ന വാഗ്ദാനം ഫലം കാണുമെന്നും ബിദൂരി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. ഇതിനായി വര്‍ഷം 1800 മുതല്‍ 2000 കോടി രൂപ വരെ ഊര്‍ജ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഫലത്തിന്റെ ആദ്യറൗണ്ടില്‍ തന്നെ അമ്പത് സീറ്റ് പിന്നിട്ട് ആം ആദ്മി മുന്നോട്ട് കുതിക്കുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും വിധമാണ് ലീഡ് നില ഉയരുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്രിവാള്‍ ലീഡ് നിലനിര്‍ത്തുകയാണ്.

Top